ലണ്ടന്‍: വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ നിന്ന് വയറിനേറ്റ പരിക്കിനെ തുടര്‍ന്ന് റാഫേല്‍ നദാല്‍ പിന്‍മാറി. ഇതോടെ നിക്ക് കിര്‍ഗിയോസ് ഫൈനലിലെത്തി. രണ്ടാം സെമിയില്‍ കാമറോണ്‍ നോറി നിലവിലെ ചാമ്ബ്യന്‍ നൊവാക് ജോകോവിച്ചിനെ നേരിടും.
പരിക്കേറ്റിട്ടും പിന്‍മാറാതെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടൈലര്‍ ഫ്രിറ്റ്‌സിനെ തോല്‍പിച്ച ശേഷമുള്ള റാഫേല്‍ നദാലിന്റെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ഗാലറിയിലുണ്ടായിരുന്ന അച്ഛന്‍ പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടും നദാല്‍ പരിക്ക് അവഗണിച്ച് കോര്‍ട്ടില്‍ തുടരുകയായിരുന്നു. വിജയത്തിന് ശേഷം നടത്തിയ പരിശോധനയില്‍ വയറ്റിലെ പേശികളില്‍ 7 മില്ലിമീറ്റര്‍ ആഴമുള്ള മുറിവുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് സെമിക്ക് തൊട്ടുമുന്‍പ് മുന്‍ ചാമ്ബ്യന്റെ പിന്‍മാറ്റം. നദാലിന്റെ നഷ്ടം നിക്ക് കിര്‍ഗിയോസിന് നേട്ടമായി. ഓസ്‌ട്രേലിയന്‍ താരം സെമി കളിക്കാതെ തന്റെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലില്‍ സ്ഥാനം ഉറപ്പാക്കി.
അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടങ്ങള്‍ക്ക് ശേഷം 2 ദിവസത്തെ വിശ്രമം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ടോപ് സീഡ് ജോക്കോവിച്ചും ഒന്‍പതാം സീഡ് കാമറോണ്‍ നോറിയും വൈകീട്ട് ആറിനുള്ള ആദ്യ സെമിക്ക് ഇറങ്ങുക. കഴിഞ്ഞ 3 തവണയും വിംബിള്‍ഡണ്‍ വിജയിച്ച ജോക്കോവിച്ചിന് തന്നെ മേല്‍ക്കൈ. ഇതിന് മുന്‍പുള്ള ഏക നേര്‍ക്കുനേര്‍ പോരില്‍ ജയിച്ചതും ജോക്കോവിച്ചാണ്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലിറങ്ങുന്നത് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാകും ആദ്യ ഗ്രാന്‍സ്ലാം സെമി കളിക്കുന്ന നോറീ.

