ഭരണഘടന വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ രാജിവെച്ചു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായതിന് പിന്നാലെയാണ് സജി ചെറിയാൻ രാജിവെച്ചത്. വൈകിട്ട് അഞ്ച് മണിയോടെ സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.

സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിർത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമർശം നടത്തിയ മന്ത്രിക്കെതിരെ കർശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാടെടുക്കുകയായിരുന്നു. മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാമെന്നാണ് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. ഇത് കൂടി കണക്കിലെടുത്താണ് സിപിഎമ്മിന്റെ തീരുമാനം.

പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. മല്ലപ്പള്ളിൽ നടന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടനയാണ് ഇന്ത്യാക്കാർ എഴുതിവച്ചത്. ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവച്ചുവെങ്കിലും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാൻ ആരോപിച്ചു.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. എന്നാൽ താൻ പറയും ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി സർക്കാർ മുതലാളിമാർക്ക് അനുകൂലമായി പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ ഭരണഘന അവർക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.