ബാലഭാസ്‌കറിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന; വിശദീകരണം ഉടന്‍ വേണമെന്ന് സിബിഐയോട് കോടതി

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്നും, ഈ മാസം 16ന് വിശദീകരണം നല്‍കണമെന്നും കോടതി സിബിഐക്ക് അന്ത്യശാസനം നല്‍കി. വിശദീകരണത്തിന് ഒരു മാസം സമയം വേണമെന്ന സി ബി ഐ യുടെ ആവശ്യവും കോടതി തള്ളി.

അതേസമയം, ബാലഭാസ്‌ക്കറിന്റേത് അപകട മരണമാണെന്നും അസ്വാഭാവികതയില്ലെന്നും സി ബി ഐ കോടതിയില്‍ വാദിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തില്‍ സി ബി ഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും ആവശ്യപ്പെട്ട് അച്ഛന്‍ ഉണ്ണി തിരുവനന്തപുരം സി ജെ എം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ബാലഭാസ്‌കര്‍ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികതയില്ലെന്നാണ് സി ബി ഐ കണ്ടെത്തല്‍. വണ്ടിയോടിച്ചിരുന്ന അര്‍ജുനെ പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനും സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസെടുത്തു.