മഹാരാഷ്ട്രയിൽ വിശ്വാസ വോട്ട് നേടി ഏക്‌നാഥ് ഷിൻഡെ സർക്കാർ; ലഭിച്ചത് 164 പേരുടെ പിന്തുണ

മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ട് നേടി ഏക്‌നാഥ് ഷിൻഡെ സർക്കാർ. 164 പേരുടെ പിന്തുണയാണ് സർക്കാരിന് ലഭിച്ചത്. 40 ശിവസേന എംഎൽഎമാർ ഷിൻഡെയെ പിന്തുണച്ചു. അതേസമയം, വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎൽഎ കൂടി ഷിൻഡേ പക്ഷത്തേക്ക് ചാടി. 99 എംഎൽഎമാർ അവിശ്വാസം രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിനേക്കാൾ പ്രതിപക്ഷത്തിന് എട്ടു വോട്ടുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസം തെളിയിക്കാൻ 144 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.

സന്തോഷ് ബംഗാർ ആണ് ഇന്ന് ഷിൻഡേ പക്ഷത്തിനൊപ്പം ചേർന്ന ശിവസേന എംഎൽഎ. ഇന്ന് രാവിലെ വിമത എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്കെത്തിയത്. മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പിഡബ്ല്യു പി ഐ എംഎൽഎ ശ്യാംസുന്ദർ ഷിൻഡേയും എൻഡിഎ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്.

അതേസമയം, മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി ബിജെപിയുടെ രാഹുൽ നർവേക്കർ കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായ രാജൻ സാൽവിയെ ആണ് വോട്ടെടുപ്പിൽ നർവേക്കർ മറികടന്നത്. രാഹുൽ നർവേക്കർക്ക് 164 വോട്ടുകൾ ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കറാണ് വോട്ടെടുപ്പ് നിയന്ത്രിച്ചത്. എംഎൽഎമാർ സഭയിൽ എഴുന്നേറ്റ് നിന്ന് വോട്ട് രേഖപ്പെടുത്തുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ ആദ്യ വോട്ട് രേഖപ്പെടുത്തി. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് രണ്ടാമതായി വോട്ട് രേഖപ്പെടുത്തിയത്.

എംഎൻഎസ്, ബഹുജൻ വികാസ് അഘാഡി എന്നിവരുടെ വോട്ടും രാഹുൽ നർവേക്കർക്കാണ് ലഭിച്ചത്. ഈ രണ്ട് കക്ഷികളും നിലവിൽ എൻഡിഎയുടെ ഭാഗമല്ല. ശിവസേനയുടെ 38 വിമത എംഎൽഎമാരുടെ വോട്ടും നേടാൻ ബിജെപി സ്ഥാനാർത്ഥിയ്ക്ക് കഴിഞ്ഞു. സിപിഎം എംഎൽഎ വിനോദ് നിക്കോളെ രാജൻ സാൽവിയ്ക്കാണ് വോട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ ബിജെപി പിന്തുണയോടെ ഏക്നാഥ് ഷിൻഡേ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ ശിവസേനയിൽ നിന്ന് വഴിപിരിഞ്ഞ ശേഷമുള്ള ആദ്യ ചുവടിൽ വിജയം നേടാൻ ഷിൻഡെയ്ക്ക് കഴിഞ്ഞു.