കീഴ് കോടതി ജാമ്യത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കും; പി സി ജോർജിനെതിരെ കൂടുതൽ തെളിവുകൾ കയ്യിലുണ്ടെന്ന് പരാതിക്കാരി

തിരുവനന്തപുരം: പീഡനക്കേസിൽ മുൻ എം.എൽ.എ, പി.സി. ജോർജിന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി പരാതിക്കാരി. കീഴ് കോടതി ജാമ്യത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി അറിയിച്ചു. കൂടുതൽ തെളിവുകൾ കയ്യിലുണ്ടെന്നും പുറത്തുവന്ന സംഭാഷണം തന്റേത് തന്നെയാണെന്നും പരാതിക്കാരി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

പരാതി നൽകാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചതെന്നും സംഭവത്തിന് ശേഷം ചികിത്സയിലായിരുന്നു, ആശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷമാണ് പരാതി നൽകിയതെന്നും പരാതിക്കാരി പറഞ്ഞു. അതിന് മുൻപ് തന്റെ ഒരു ബന്ധുവിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

തന്നെ രാഷ്ട്രീയമായി വലിച്ചഴിക്കരുത്. പി.സി. ജോർജ് മാന്യമായി പെരുമാറിയെന്ന് താൻ പറഞ്ഞില്ല. അന്ന് സംസാരിച്ച വിഷയത്തെ കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞാൽ മാത്രം മതി കേസിൽ ഉൾപ്പെട്ടയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടക്കാമെന്നും പരാതിക്കാരി പറഞ്ഞു. നിയമം അങ്ങനെയിരിക്കെയാണ് ഗുരുതരമായ വകുപ്പുകൾ ചുമത്തി പി.സി. ജോർജിനെ അറസ്റ്റ് ചെയ്തിട്ടും ജാമ്യം നൽകിയത്. ഈയൊരു സാഹചര്യത്തിൽ സാധാരണക്കാർക്ക് എങ്ങനെ നീതി ലഭിക്കുമെന്ന് പരതിക്കാരി ചോദിക്കുന്നു.

കോടതിക്കോ പോലീസിനോ തെറ്റ് പറ്റിയെന്ന് പറയുന്നില്ല. എന്നാൽ തന്നെയും കൂടെ കോടതിക്ക് കേൾക്കാമായിരുന്നു. പി സി ജോർജിനെതിരെ രണ്ടാഴ്ച മുൻപ് പരാതി നൽകിയിരുന്നു. പോലീസിന് അവരുടേതായ ചില നടപടിക്രമങ്ങളുണ്ട്. അതുകൊണ്ടാവാം അറസ്റ്റ് ശനിയാഴ്ച നടന്നതെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.