ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാട്; മോഹൻലാലിന് തുറന്ന കത്തുമായി ഗണേഷ് കുമാർ

കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റ് നടൻ മോഹൻലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാർ. അമ്മയുടെ നേതൃത്വം ചിലർ ഹൈജാക് ചെയ്തുവെന്നാണ് അദ്ദേഹം കത്തിൽ ആരോപിക്കുന്നത്. ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നുണ്ട്.

വിജയ് ബാബുവിനെ അമ്മ യോഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എൻട്രി എന്ന നിലയിൽ അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി. ജനറൽ സെക്രട്ടറി ഇടവേള ബാബു ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ എന്ന് മോഹൻലാൽ വ്യക്തമാക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അംഗത്വ ഫീസ് 2,05,000 ആയി ഉയർത്തിയത് എന്തിനാണെന്ന ചോദ്യവും ഗണേഷ് കുമാർ ഉന്നയിക്കുന്നുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിജയ് ബാബുവിനോട് പണം വാങ്ങിയെന്ന യുവനടിയുടെ പരാതിയിലെ ആരോപണം ഗുരുതരമാണ്. അമ്മ ക്ലബ്ബാണെന്ന് പറഞ്ഞ ഇടവേള ബാബുവിനെ തിരുത്താത്ത മോഹൻ ലാലിന്റെ നടപടി ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.