ആക്രിവിലയ്ക്ക് വിറ്റ കെ.യു.ആർ.ടി.സി. ജന്റം ലോഫ്ളോർ ബസുകൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: ആക്രിവിലയ്ക്ക് വിറ്റ കെ.യു.ആർ.ടി.സി. ജന്റം ലോഫ്ളോർ ബസുകൾ എറണാകുളത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. എറണാകുളം സ്റ്റാൻഡിനടുത്ത് യാർഡിൽ നിന്ന് ക്രെയിനുകൾ കൊണ്ട് കെട്ടിവലിച്ചാണ് നാലു ബസുകൾ സേലത്തേക്ക് കൊണ്ടു പോയത്. ഒൻപത് ബസുകളാണ് ഇനി കൊണ്ടുപോകാനുള്ളത്. പല ഡിപ്പോകളിൽ നിന്നായി കൊണ്ടുവന്നിട്ട ബസുകളാണ് ഇവയെല്ലാം.

ഒൻപതു മുതൽ 16 വർഷം വരെ ഉപയോഗിച്ച വണ്ടികളാണ് സ്‌ക്രാപ്പായി കെ.എസ്.ആർ.ടി.സി. കണക്കാക്കുന്നത്. ആകെ 920 ബസുകളാണ് ഉപയോഗിക്കാനാവാത്ത നിലയിൽ ഉള്ളത്. ഇതിൽ 681 എണ്ണം സാധാരണ ബസുകളും 230 എണ്ണം ജന്റം ബസുകളുമാണ്.

അതേസമയം, സർവീസിന് കഴിയാത്ത വിധം തകരാറിലായ ബസുകൾ യഥാസമയം വിൽക്കാതെ ഇരുമ്പ് (സ്‌ക്രാപ്പ്) വിലയ്ക്ക് വിൽക്കാനായി ഉപേക്ഷിക്കുന്ന കെ.എസ്.ആർ.ടി.സി. നടപടിക്കെതിരെ നേരത്തെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തകരാറിലായതും മൈലേജ് ഇല്ലാത്തതുമായ ബസുകൾ യഥാസമയം വിറ്റാൽ എത്ര വില കിട്ടുമെന്നും അങ്ങനെയല്ലേ സ്വകാര്യ ബസുടമകളൊക്കെ ചെയ്യുന്നതെന്ന് കോടതി ചോദിച്ചിരുന്നു.