കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം വലിയ തമാശയുണ്ടാക്കി; വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി ഫലം വലിയ തമാശയുണ്ടാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 1,25,508 പേർക്കാണ് കഴിഞ്ഞ തവണത്തെ എസ് എസ് എൽ സി പരീക്ഷയിൽ എ പ്ലസ് ലഭിച്ചതെന്നും ഇത് ദേശീയ തലത്തിൽ വലിയ തമാശയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ വർഷം ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചുവെന്നും എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കി. സ്‌കൂൾ വിക്കി അവാർഡ് വിതരണ വേദിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തെ 15000 വിദ്യാലയങ്ങളെ കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ സ്‌കൂൾ വിക്കി പോർട്ടലിൽ മികച്ച പേജുകൾ ഉൾപ്പെടുത്തിയ സ്‌കൂളുകൾക്കുള്ള സംസ്ഥാന പുരസ്‌കാരമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചത്. കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടം, മലപ്പുറം ജില്ലയിലെ ജി.എൽ.പി.എസ് ഒളകര, തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ് കരിപ്പൂർ എന്നീ സ്‌കൂളുകൾക്കാണ് സംസ്ഥാനതലത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചിരിക്കുന്നത്. അതേസമയം, ഈ വർഷം 44 363 വിദ്യാർത്ഥികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്.