‘അക്രമം നടത്തിയത് കുട്ടികള്‍, ദേഷ്യമില്ല’; കല്‍പ്പറ്റയിലെ തന്റെ ഓഫീസ് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

വയനാട്: ബഫര്‍ സോണ്‍ വിഷയത്തില്‍ കല്‍പറ്റയിലെ തന്റെ ഓഫീസിലുണ്ടായ എസ്എഫ്‌ഐ ആക്രമണം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ഗാന്ധി എം.പി പ്രതികരിച്ചു.

‘ഇത് വയനാട്ടിലെ എം പിയുടെ ഓഫീസല്ല. മറിച്ച് വയനാട്ടിലെ ജനങ്ങളുടെ ഓഫിസാണ്. അതിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമം നടത്തിയത് കുട്ടികളാണ്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണം’- രാഹുല്‍ഗാന്ധി പറഞ്ഞു. ഓഫിസ് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ജനാലവഴി കയറിയ ചില പ്രവര്‍ത്തകര്‍ വാതിലുകളും തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞു. കസേരയില്‍ വാഴയും വച്ച ശേഷമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.