തിരുവനന്തപുരം: പിന്നാക്കവിഭാഗത്തിൽ നിന്നുള്ള കൂടുതൽ വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് എത്തിക്കുമെന്ന് ദേവസ്വം പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ഇതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്കവിഭാഗം ആളുകളെ മുഖ്യധാരയിലേക്കെത്തിക്കാൻ ആനുകൂല്യങ്ങൾ നൽകിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും മറിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം കൂടി നൽകിയാലേ അത് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. പട്ടികവർഗക്കാരായ ബിരുദധാരികൾക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ വളർത്തി ലഭ്യമായ അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തണം. ഭാവി കേരളത്തിന്റെ വാഗ്ദാനങ്ങളായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഊന്നൽ നൽകി കുട്ടികൾക്ക് പുതിയ കോഴ്സുകൾ പഠിക്കാനും ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനും പരിശീലനം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
50 ശതമാനം മാർക്കോടെ ഡിഗ്രി പാസായ 30 വയസ്സിൽ താഴെയുള്ളവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 40 പേർക്കാണ് പരിശീലനം നൽകുന്നത്. താമസ-ഭക്ഷണ സൗകര്യത്തോടെ നടക്കുന്ന ഒരു മാസത്തെ പരിശീലനത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ഇന്ത്യയിലെവിടെയുമുള്ള മികച്ച കേന്ദ്രത്തിൽ പഠിച്ച് പരീക്ഷ എഴുതാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവർക്ക് ഇത്തരത്തിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നത്.

