ദുബായ് യാത്രയിൽ ബാഗേജ് മറന്നിട്ടില്ല; സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായ് യാത്രയിൽ ബാഗേജ് മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ രേഖാമൂലം മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബാഗേജ് കാണാതായിട്ടില്ലാത്തതിനാൽ കറൻസി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016 ലെ ദുബായ് യാത്രയ്ക്കിടെ ബാഗേജ് മറന്നെന്നും എം ശിവശങ്കർ ഇടപെട്ട് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ യുഎഇയിൽ എത്തിച്ചെന്നും ഇതിൽ കറൻസിയായിരുന്നു ഉണ്ടായിരുന്നതെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോടായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ.