സച്ചിന്‍ പൈലറ്റുമായി ബിജെപി ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞു: അശോക് ഗെഹ്ലോട്ട്‌

ജയ്പൂര്‍: കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി സച്ചിന്‍ പൈലറ്റുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് പറഞ്ഞു. കേന്ദ്ര മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്തിന്റെ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് ഗഹ്ലോട്ടിന്റെ പ്രതികരണം.

അതേസമയം, സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമം ഉപേക്ഷിച്ചിരുന്നില്ലെങ്കില്‍ കിഴക്കന്‍ മേഖലയിലെ കനാല്‍ പദ്ധതി വിജയകരമാകുമായിരുന്നുവെന്നും ഇപ്പോള്‍ വെള്ളമെത്തുമെന്നുമായിരുന്നു നേരത്തെ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് പറഞ്ഞത്. ഈ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി വിരുദ്ധ ബ്യൂറോയുടെ കേസ് പ്രകാരം കോടികള്‍ ചിലവഴിച്ച് വിമതരെ സ്വാധീനിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപി ശ്രമിച്ചുവെന്ന് ഗജേന്ദ്ര സിങ്ങിനെതിരേ ഒരു കേസും കോടതിയില്‍ നിലവിലുണ്ട്. അന്ന് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഗജേന്ദ്ര സിങ്ങിന്റെ പ്രസ്താവന.