രോഹിത്തിന് കൊവിഡ്; ടീം ഇന്ത്യ ആശങ്കയില്‍

ലെസസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്തുടങ്ങാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ ടീം ഇന്ത്യക്ക് കനത്ത ആശങ്കയായി നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് കൊവിഡ്. ഐസൊലേഷനിലേക്ക് മാറ്റിയ രോഹിത്തിനെ ഇന്ന് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയനാക്കും എന്ന് ബിസിസിഐ അറിയിച്ചു.

ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ലെസസ്റ്ററിനെതിരെ നടന്നുകൊണ്ടിരിക്കുന്ന സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ഹിറ്റ്മാന്‍ ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില് 25 റണ്‍സ് നേടിയ താരം റോമന്‍ വോള്‍ക്കറുടെ പന്തില്‍ പുറത്തായി. ജൂലൈ ഒന്നിന് എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് മത്സരം ആരംഭിക്കും മുമ്ബ് കൊവിഡ് ഫലം നെഗറ്റീവാകുക രോഹിത്തിന് വലിയ വെല്ലുവിളിയാണ്. സ്ഥിരം ഓപ്പണര്‍ കെ എല്‍ രാഹുല്‍ പരിക്കിനെ തുടര്‍ന്ന് നിലവില്‍ ടീമിനൊപ്പവുമില്ല.