ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസ്; ടീസ്റ്റ സെതൽവാദിനെ കസ്റ്റഡിയിലെടുത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്

മുംബൈ: സാമൂഹ്യപ്രവർത്തക ടീസ്റ്റ സെതൽവാദിനെ കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ടാണ് നടപടി.

ഉച്ചയോടെ മുംബൈയിലെ വീട്ടിൽ നിന്നാണ് ടീസ്റ്റയെ ഭീകര വിരുദ്ധ സേന കസ്റ്റഡിയിലെടുത്തത്. സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ടീസ്റ്റ സെതൽവാദിനെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.

വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖയോ ഇലക്ട്രോണിക് രേഖയോ യഥാർത്ഥമായി ഉപയോഗിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ടീസ്റ്റയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ടീസ്റ്റയുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എൻ.ജി.ഒ അടിസ്ഥാന രഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് മണിക്കൂറുകൾക്കകമാണ് ഭീകര വിരുദ്ധ സേന ടീസ്റ്റയെ കസ്റ്റഡിയിലെടുത്തത്.