ഇന്‍സ്റ്റഗ്രാം മെസേജിലെ പുത്തന്‍ ഫീച്ചര്‍

ടിക് ടോക്കിനെ നിരോധിച്ചതിന് പിന്നാലെയാണ് ഇന്‍സ്റ്റാഗ്രാം റീല്‍സ് എത്തിയത്. അതേസമയം, 24 മണിക്കൂര്‍ മാത്രം ആയുസ്സുള്ള മെസേജുകള്‍ ഉപഭോക്താക്കള്‍ക്ക് അയയ്ക്കാന്‍ സാധിക്കുന്ന രീതിയില്‍ ഇന്‍സ്റ്രാഗ്രാം ആപ്പില്‍ മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

വാട്ട്‌സാപ്പ് സ്റ്റാറ്റസ് ആരംഭിച്ചത് ഇത്തരമൊരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണെങ്കിലും അത് പിന്നെ സ്റ്റാറ്റസ് വീഡിയോകള്‍ എന്ന തലം വരെ എത്തി. എന്നാല്‍ നിലവില്‍ മെസേജുകള്‍ മാത്രമേ ഇന്‍സ്റ്റാഗ്രാം വഴി ഇത്തരത്തില്‍ അയയ്ക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് അറിയാന്‍ സാധിക്കുന്നത്. നോട്ട്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ മെസേജുകള്‍ ഇന്‍സ്റ്റാഗ്രാം വഴി സാധാരണ അയയ്ക്കുന്ന ഡയറക്ട് മെസേജുകള്‍ തന്നെയാണ്. അതില്‍ നോട്ട്‌സ് എന്നൊരു ഓപ്ഷന്‍ കൂടിയുണ്ടാകുമെന്ന് മാത്രം. ഒരാള്‍ക്ക് മാത്രമായോ ഒരു കൂട്ടം ആള്‍ക്കാര്‍ക്കോ ഇത്തരത്തില്‍ മെസേജുകള്‍ അയയ്ക്കാം. സന്ദേശം ലഭിക്കുന്നവര്‍ക്ക് തിരിച്ച് നോട്ട്‌സ് ആയോ അതല്ലെങ്കില്‍ സാധാരണ മെസേജ് ആയോ മറുപടി അയയ്ക്കാം. നോട്ട്‌സ് ആയി അയയ്ക്കുന്ന സന്ദേശങ്ങള്‍ 24 മണിക്കൂറിന് ശേഷം മാഞ്ഞ് പോകും എന്ന വ്യത്യാസം മാത്രമേയുള്ളു.

നിലവില്‍ ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. തിരഞ്ഞെടുക്കപ്പെട്ട ഏതാനും ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ നോട്ട്‌സ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് കമ്ബനി പ്രതിനിധികള്‍ വെളിപ്പെടുത്തിയിരുന്നു.