എസ്എഫ്ഐ ആക്രമണത്തിന് പിന്നിൽ ചാലക ശക്തിയുണ്ട്; കെ സുധാകരൻ

തിരുവനന്തപുരം: വയനാട്ടിലെ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ആക്രമ സംഭവങ്ങൾക്ക് പിന്നിൽ ചാലക ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കാലവും കോൺഗ്രസ് പഞ്ചപുച്ഛമടക്കി നിൽക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐ ആക്രമണത്തിന് പിന്നിൽ ചാലക ശക്തിയുണ്ട്. എതിർക്കാനും തിരിച്ചടിക്കാനും കോൺഗ്രസിനും കഴിവുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൽപ്പറ്റയിൽ ഇന്ന് പോലീസ് ഉദ്യോഗസ്ഥർ ഉന്നതതല യോഗം ചേരും.

ജില്ലയിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കുന്നുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം കൽപ്പറ്റയിൽ തുടരുകയാണ്. മുതിർന്ന കോൺഗ്രസ് നേതാക്കളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അക്രമം ഗൂഡാലോചനയുടെ ഭാഗമായിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.