കൊച്ചി: സിൽവർ ലൈൻ മരവിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടില്ലെന്ന് കെ റെയിൽ എം ഡി. അതിരടയാള കല്ലുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ സാമൂഹികാഘാത പഠനം നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കല്ലുകൾ സ്ഥാപിക്കാത്ത സ്ഥലങ്ങളിൽ ജിയോ ടാഗ് സംവിധാനം ഉപയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടികൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. 50 വർഷം കഴിയുമ്പോൾ സിൽവർ ലൈൻ കാരണം കടമുണ്ടാകില്ലെന്ന് കെ റെയിൽ എം ഡി അറിയിച്ചു. പദ്ധതിക്കായി എടുക്കുന്ന വായ്പയും പലിശയും തിരിച്ചടയ്ക്കേണ്ടത് കെ റെയിലാണ്.
പണം നൽകാൻ കെ റെയിലിന് കഴിഞ്ഞില്ലെങ്കിൽ സർക്കാർ ബാധ്യത ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ. വൈകിട്ട് നാല് മണി മുതൽ ആരംഭിച്ച ഓൺലൈൻ സംവാദത്തിൽ കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റായി എത്തുന്ന സംശയങ്ങൾക്കാണ് കെ റെയിൽ മറുപടി നൽകിയത്.

