ഇനി ഡോ. ഐ.എം വിജയന്‍

മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും എം എസ് പി അസി. കമാണ്ടന്റുമായ ഐ.എം വിജയന് റഷ്യയിലെ നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ ഡോക്ടറേറ്റ്. കായിക മേഖലയിലെ മികവ് പരിഗണിച്ചാണ് ഡോക്ടറേറ്റിന് പരിഗണിച്ചത്. ഈ മാസം 10ന് യൂനിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു വിതരണം. തൃശൂര്‍ മൂന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ ശീതള പാനീയങ്ങള്‍ വിറ്റ് ഉപജീവനം നടത്തുന്നിടത്തുനിന്നും പിന്നീട് കേരളം ജന്മം നല്‍കിയ ഫുട്‌ബോള്‍ കളിക്കാരില്‍ ഏറ്റവും ശ്രദ്ധേയനായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ കറുത്തമുത്തായി മാറിയ ആളാണ് ഐ.എം വിജയന്‍. ഡോക്ടറേറ്റ് നേടി മലപ്പുറത്ത് തിരിച്ചെത്തിയ വിജയനെ എം എസ് പി കമാണ്ടന്റ് ഹേമലത അഭിനന്ദിച്ചു. ഡോക്ടറേറ്റ് നേടാനായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1969 ഏപ്രില്‍ 25-ന് തൃശൂരില്‍ പരേതരായ അയനിവളപ്പില്‍ മണിയുടേയും കൊച്ചമ്മുവുവിന്റേയും മകനായി ജനിച്ചു. ചെറുപ്രായത്തില്‍ തൃശൂര്‍ മൂന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ ശീതള പാനീയങ്ങള്‍ വിറ്റ് ഉപജീവനമാര്‍ഗ്ഗം തേടിയിരുന്ന വിജയന്‍ ഇടക്ക്വെച്ച് സ്‌കൂള്‍ വിദ്യാഭ്യാസവും അവസാനിപ്പിച്ചു. ഫുട്‌ബോള്‍ കളത്തിലെ അസാമാന്യ പ്രകടനമാണ് വിജയന്റെ ഇന്ത്യന്‍ ടീമിന്റെ കറുത്തമുത്താക്കി മാറ്റിയത്. പതിനെട്ടാം വയസില്‍ കേരളാ പോലീസിന്റെ ഫുട്‌ബോള്‍ ടീമില്‍ അംഗമായി. ഫെഡറേഷന്‍ കപ്പ് ഉള്‍പ്പെടെയുള്ള കിരീടങ്ങള്‍ നേടി. പൊലീസ് ടീം ഇന്ത്യന്‍ ഫുട്‌ബോളില്‍ വന്‍ശക്തിയായിരുന്ന കാലത്തായിരുന്നു ഇത്. പൊലീസില്‍ ജോലി നല്‍കാന്‍ വിജയനുവേണ്ടി കേരള സര്‍ക്കാര്‍ ഔദ്യോഗിക നിയമങ്ങളില്‍ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി നാലാം വര്‍ഷം കൊല്‍ക്കത്തയിലെ വമ്ബന്മാരായ മോഹന്‍ ബഗാന്‍ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മില്‍സ് ഫഗ്വാര, എഫ്.സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബുകളില്‍ വിജയന്‍ കളിച്ചിട്ടുണ്ട്.

1992ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ വിജയന്‍ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. 39 ഗോളുകള്‍ നേടിയിട്ടുണ്ട്. 2003-ലെ ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ നാലു ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആയി. 2003ല്‍ കായികതാരങ്ങള്‍ക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അര്‍ജുന അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്.