തിരുവനന്തപുരം: സംസ്ഥാനത്ത് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ വസ്ത്രധാരണരീതിയില്‍ ഒരു ശ്രദ്ധ വേണമെന്നും മാന്യമായി വസ്ത്രധാരണം വേണമെന്നുമുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത്. എന്നാല്‍, കത്ത് ആരാണെന്ന് അയച്ചതെന്ന് വ്യക്തമല്ല.
കത്തിന്റെ പൂര്‍ണരൂപം
ബഹു. മുഖ്യമന്ത്രി സമക്ഷം സമര്‍പ്പിക്കുന്നത്
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പൊതുജനങ്ങളുമായി ഇടപഴകേണ്ടിവരുന്നവരാണ് ഇവിടുത്തെ ജീവനക്കാരില്‍ അധികം പേരും. അതിനാല്‍ സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ വസ്ത്രധാരണ രീതിയില്‍ മിതത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. വിനോദസഞ്ചാരത്തിനും വിരുന്നുകള്‍ക്കും കല്യാണങ്ങള്‍ക്കും ധരിക്കുന്നതുപോലെയാണ് ഇവിടുത്ത 50% അധികം സ്ത്രീകളും പുരുഷന്മാരും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് വരുമ്പോള്‍ വസ്ത്രധാരണം ചെയ്യുന്നത്. ചില പുരുഷന്മാര്‍ ടീ ഷര്‍ട്ടുകളും ബര്‍മുഡയും, ചില സ്ത്രീകള്‍ ഷാളുകളില്ലാത്ത ചുരിദാറുകളും, three fourth പാന്റുകളും ധരിച്ചാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ഓഫീസില്‍ എത്തുന്നത്. സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മാന്യമായ രീതിയില്‍ വേണം വേഷം ധരിക്കാനുള്ളത്. വളരെ മ്ലേച്ഛമായ രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നത് കൊണ്ടാണ് ബഹു. മുഖ്യമന്ത്രിയ്ക്ക് ഇങ്ങനെയൊരു കത്ത് എഴുതേണ്ടിവരുന്നത്. ആയതിനാല്‍ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ വസ്ത്രധാരണ രീതിയില്‍ ബഹു. മുഖ്യമന്ത്രിയുടെ ഒരു ശ്രദ്ധ വേണമെന്നും മാന്യമായി വസ്ത്രധാരണം വേണമെന്നുമുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.
അതേസമയം, കോളറുള്ള ടീഷര്‍ട്ടിട്ട് ശനിയാഴ്ചകളിലൊക്കെ ജീവനക്കാര്‍ വരാറുണ്ട്. സ്ത്രീ ജീവനക്കാര്‍ ആരും തന്നെ ഷാള്‍ ഉപയോഗിക്കാതെ വരാറില്ല. ഇത് സെക്രട്ടേറിയറ്റ് ജീവനക്കാരെ ആക്ഷേപിക്കുന്നതിന് വേണ്ടി ആരോ കത്ത് എഴുതിയതാണെന്ന് ജീവനക്കാര്‍ പറഞ്ഞു.