കോവിഡ് കേസുകളിൽ വർദ്ധനവ്; അവലോകന യോഗം വിളിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ രോഗവ്യാപനം ചർച്ച ചെയ്യാൻ അവലോകന യോഗം വിളിച്ച് കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച്ചയാണ് യോഗം ചേരുന്നത്. 12249 പേർക്കാണ് ഒറ്റ ദിവസത്തിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേർക്ക് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ മുംബൈയിലും പുണെയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽ ടിപിആർ ഏഴ് ശതമാനത്തിന് മുകളിലെത്തിയതിന്റെ ആശങ്കയിലാണ് അധികൃതർ.

രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് പ്രതിജ്ഞാബന്ധമാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അറയിച്ചിരുന്നു. എല്ലാവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21-നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 193.53 കോടിയിൽ അധികം (1,93,53,58,865) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.