ന്യൂഡൽഹി: വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്ന തിരഞ്ഞെടുപ്പു ചട്ട ഭേദഗതി വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ. ഓഗസ്റ്റ് ഒന്നു മുതൽ ഭേദഗതി പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. ഇനി മുതൽ വർഷത്തിലെ നാല് ദിവസങ്ങളിലായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. 1960 ലെ ഇലക്ടർ റൂളുകളും 1961 ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളുമാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്. നിയമ മന്ത്രാലയം, തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തരുമാനമെടുത്തത്.
സർവീസ് വോട്ടുമായി ബന്ധപ്പെട്ട നിയമത്തിലെ ജെൻഡർ വേർതിരിവ് ഒഴിവാക്കിയും ചട്ടം ഭേദഗതി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഭേദഗതി വരുത്തിയ 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23(5) അനുസരിച്ച് വോട്ടർ പട്ടികയിൽ പേരുള്ള ഓരോ വ്യക്തിക്കും തന്റെ ആധാർ നമ്പറുമായി ബന്ധിക്കണമെന്ന് അറിയിച്ചിരുന്നു. വോട്ടർ രജിസ്‌ട്രേഷൻ, വോട്ടർ വിശദാംശങ്ങളിലെ മാറ്റം, ഇപിഐസി-ആധാർ ലിങ്കേജ് തുടങ്ങിയവയ്ക്കായി 6 ബി ഫോമും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാർക്ക് അവരുടെ ആധാർ നമ്പർ നൽകാനോ അല്ലെങ്കിൽ ആധാർ നമ്പർ ഇല്ലാത്തതിനാൽ അത് നൽകാൻ കഴിയില്ലെന്ന് സ്റ്റേറ്റ്മെന്റ് നൽകാനും ഉള്ള ഓപ്ഷൻ ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നീടുള്ള സാഹചര്യത്തിൽ, MGNREGA ജോബ് കാർഡ്, ഫോട്ടോയുള്ള ബാങ്ക് പാസ്ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ഇന്ത്യൻ പാസ്‌പോർട്ട്, ആരോഗ്യ ഇൻഷുറൻസ് കാർഡ് എന്നിങ്ങനെ 11 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ പകർപ്പ് നൽകി വോട്ടർ ഐഡി അപ്ഡേറ്റ് ചെയ്യാം.
വോട്ടേഴ്സ് ഐഡി എടുക്കുന്നവർക്ക് ഇനിമുതൽ അപേക്ഷാ ഫോമിൽ തന്നെ ആധാർ വിവരങ്ങൾ പങ്കു വക്കാനുള്ള പ്രത്യേക കോളമുണ്ടാകും. ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നീ നാല് തീയതികളിലൊന്നിൽ 18 വയസ് പൂർത്തിയായവർക്ക് വിവരങ്ങൾ ചേർക്കാനുള്ള അവസരമുണ്ടാകും. ഫോമിന്റെ ഡിക്ലറേഷൻ ഭാഗത്ത് തെറ്റായ പ്രസ്താവന നടത്തുന്നവർക്കെതിരെ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമോ അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ ഇതു രണ്ടും കൂടിയോ ചുമത്തുമെന്നാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്.

