ബിജെപി വിട്ട് എങ്ങോട്ടുമില്ല; നടന്നത് കുപ്രചരണമെന്ന് സുരേഷ് ഗോപി

ബി.ജെ.പി വിട്ടുപോകുമെന്നത് അഭ്യൂഹം മാത്രമെന്ന് നടന്‍ സുരേഷ് ഗോപി. ‘ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം ഇത് എന്തിനു വേണ്ടിയായിരുന്നുവെന്ന്. ബി.ജെ.പി വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്‌നാഥ് സിങ്ങിനും ഉറച്ച പിന്തുണ നല്‍കും’-സുരേഷ് ഗോപി പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് ന്യൂസ് ചാനല്‍ സുരേഷ് ഗോപിയും ബി.ജെ.പിയുമായി അകല്‍ച്ചയിലാണെന്നും അദ്ദേഹം പാര്‍ട്ടി വിടുമെന്നും റിപ്പോര്‍ട്ട് ചെയ്തത്. സംഭവം ട്വിറ്ററിലെ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുകയും ചെയ്തു. സുരേഷ് ഗോപിയെ നടനായും രാഷ്ട്രീയ നേതാവായും ആദരിക്കുന്ന പലരും ഈ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുകയും, പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നിലെ സത്യം തേടി പലരും എത്തുകയും ചെയ്തു.

ബി.ജെ.പിയുടേ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്നും സുരേഷ് ഗോപി പിന്മാറുന്നു എന്നും, ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു എന്നുമായിരന്നു വാര്‍ത്ത. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകണമെന്ന അഭ്യര്‍ത്ഥന അദ്ദേഹം നിരാകരിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.