തിരുവനന്തപുരം: യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം നടത്താത്തത് കാരണം വൃക്ക സ്വീകരിച്ച രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.
രണ്ടര മണിക്കൂര്‍ കൊണ്ടാണ് ഗ്രീന്‍ ചാനലിലൂടെ ഇന്നലെ വൈകിട്ട് 5.30 ന് അവയവം എത്തിച്ചത്. എന്നാല്‍, കാരക്കോണം സ്വദേശിയായ രോഗിക്ക് അവയവ മാറ്റ ശസ്ത്രക്രിയ തുടങ്ങിയത് 3 മണിക്കൂര്‍ വൈകിയാണ്. വൃക്ക എത്തിയപ്പോള്‍ തന്നെ ശസ്ത്രക്രിയ തുടങ്ങിയിരുന്നെങ്കില്‍ രോഗി രക്ഷപ്പെടുമായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ കോളേജ് അധികൃതരുടെ വീഴ്ച കാരണമാണ് ശസ്ത്രക്രിയ വൈകിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരായ ജി.എസ് ശ്രീകുമാറും ജോസ് വൈ ദാസും സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കുന്നു. നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ക്കെതിരെയാണ് പരാതി.
അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

