കൊച്ചി: അനിത പുല്ലയിലിനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത്.
കേസിൽ മോൺസൺ മാവുങ്കലിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ 10 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട് എന്നതാണ് പ്രാഥമിക വിലയിരുത്തൽ. പുരാവസ്തു വില്പനയ്ക്കായി നിരവധി പേരെ അനിത പുല്ലയിൽ മോൺസൺ മാവുങ്കലിന് പരിചയപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
അതേസമയം, അനിത പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടക്കുന്നതിനിടെ നിയമസഭാ സമുച്ചയത്തിൽ കയറിയതിൽ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. അനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അനിതയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി സ്പീക്കറുമായി സംസാരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ എത്തിയത്. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അവർ സജീവമായിരുന്നു. സഭാ സമ്മേളനം സമാപിച്ച് മാധ്യമങ്ങൾ ചുറ്റും കൂടിയപ്പോൾ നിയമസഭയുടെ വാച്ച് ആൻഡ് വാർഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിക്കുകയായിരുന്നു.

