ഭാരത് ബന്ദെന്ന് പ്രചരണം; മുഴുവന്‍ പോലീസ് സേനയോടും സേവനസന്നദ്ധരായിരിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഡിജിപി അനില്‍ കാന്ത്. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. പൊതു ജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും പോലീസ് സുരക്ഷ ഉറപ്പാക്കും.

ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഇന്ന് രാത്രി മുതല്‍ തന്നെ പോലീസ് പിക്കറ്റിംഗും പട്രോളിംഗും ഏര്‍പ്പെടുത്തും. അതേസമയം, സമൂഹമാധ്യമങ്ങളില്‍ ബന്ദ് പ്രചാരണം വ്യാപകമാണ്. എന്നാല്‍, ഒരു സംഘടനയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.