ന്യൂഡല്‍ഹി: രാജ്യത്ത് മൂക്കിലൂടെ നല്‍കാവുന്ന കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയായെന്നും, ഫലം അടുത്തമാസം ഡി സി ജി ഐയ്ക്ക് കൈമാറുമെന്നും ഭാരത് ബയോടെക് അറിയിച്ചു. മൂക്കിലൂടെയുള്ള വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന് കഴിഞ്ഞ ജനുവരിയിലാണ് ഡി സി ജി ഐ അനുമതി നല്‍കിയത്. ഈ വാക്‌സിന് ഒമിക്രോണ്‍ പോലുള്ള പുതിയ കൊവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നാണ് സൂചന.
‘വിവരങ്ങള്‍ വിശകലനം ചെയ്തു കൊണ്ടിരിക്കുകയാണ്. പരീക്ഷണ ഫലം ഉടന്‍ ഡി സി ജി ഐയ്ക്ക് സമര്‍പ്പിക്കും. അനുമതി കിട്ടുകയാണെങ്കില്‍, ഇത് ലോകത്തിലെ ആദ്യത്തെ തെളിയിക്കപ്പെട്ട മൂക്കിലൊഴിക്കുന്ന കൊവിഡ് വാക്‌സിന്‍ ആയിരിക്കും’-ഭാരത് ബയോടെക് ചെയര്‍മാനും എംഡിയുമായ ഡോ. ഡോക്ടര്‍ കൃഷ്ണ എല്ല അറിയിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും മൂന്നാം ഡോസ് മികച്ച പ്രതിരോധ ശേഷി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി അപേക്ഷ സമര്‍പ്പിക്കുന്ന രണ്ടാമത്തെ കമ്ബനിയാണ് ഭാരത് ബയോടെക്.

