ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചതിന് പുറമേ പ്രതിരോധ മന്ത്രാലയത്തിലെ ഒഴിവുകളിലും അഗ്‌നിവീറിന് പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങളിലും, തീരരക്ഷാ സേനയിലും സംവരണം ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അഗ്‌നിപഥ് വഴി വരുന്നവര്‍ക്ക് അവസരം നല്‍കുമെന്ന് വ്യോമയാന മന്ത്രാലയവും പ്രഖ്യാപിച്ചു.
അതേസമയം, അഗ്‌നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട് സേനയില്‍ നിന്ന് നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം പുറത്ത് വരുന്ന അഗ്‌നിവീര്‍ അംഗങ്ങള്‍ക്ക് പിന്നീട് അര്‍ദ്ധസൈനിക വിഭാഗങ്ങളിലടക്കം ആഭ്യന്തരമന്ത്രാലയം രാവിലെ സംവരണം പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം അടങ്ങാത്ത സാഹചര്യത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് കേന്ദ്രം നീങ്ങിയത്.
നിലവില്‍ 32 വയസാണ് മൂന്ന് സേനകളിലെയും ശരാശരി പ്രായം. ഇത് 24 മുതല്‍ 26 വയസ് വരെ ശരാശരി പ്രായമാക്കി കുറയ്ക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 46,000 തൊഴിലവസരങ്ങളാണ് മൂന്ന് സേനകളിലുമായി അഗ്‌നിപഥ് പദ്ധതി വഴി ഈ വര്‍ഷം ഒരുക്കുക. 2018-19 വര്‍ഷത്തില്‍ കരസേനയിലേക്ക് മാത്രം എണ്‍പതിനായിരത്തോളം പേരെ റിക്രൂട്ട് ചെയ്തിരുന്നുവെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

