ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ആശ്വാസം; കൊവിഡ് വിസ നിരോധനം ചൈന പിന്‍വലിച്ചു

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈന നടപ്പാക്കിയിരുന്ന വിസ നിരോധനം പിന്‍വലിച്ചു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കാനുള്ള അഭ്യര്‍ത്ഥനകളും രാജ്യം പരിഗണിക്കുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് പുറമെ, ചൈനീസ് പൗരത്വം നേടിയവരുടെ കുടുംബാംഗങ്ങള്‍ക്കും ചൈനയില്‍ സ്ഥിരതാമസ പെര്‍മിറ്റുള്ള വിദേശികള്‍ക്കും ചൈനയിലേക്ക് തങ്ങളുടെ കുടുംബത്തെ എത്തിക്കാന്‍ വിസയ്ക്ക് അപേക്ഷിക്കാമെന്ന് ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി അറിയിച്ചു. എന്നാല്‍, ടൂറിസത്തിനും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമായുള്ള വിസകള്‍ താല്‍ക്കാലികമായി ലഭ്യമല്ല.

കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനാല്‍, വിസയോ റസിഡന്‍സ് പെര്‍മിറ്റോ ഉള്ള വിദേശ പൗരന്മാര്‍ക്ക് പ്രവേശനം നിരോധിക്കാന്‍ ചൈന തീരുമാനിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, ബെല്‍ജിയം, എത്യോപ്യ, ഫ്രാന്‍സ്, ഇന്ത്യ, ഇറ്റലി, ഫിലിപ്പീന്‍സ്, റഷ്യ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ചൈന താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എപിഇസി ബിസിനസ് യാത്രാ കാര്‍ഡുകളുള്ള വിദേശ പൗരന്മാരെയും, പോര്‍ട്ട് വിസകള്‍, 24/72/144- മണിക്കൂര്‍ വിസ ഫ്രീ ട്രാന്‍സിറ്റ് പോളിസി, ആസിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ ടൂര്‍ ഗ്രൂപ്പുകള്‍ക്കുള്ള 15 ദിവസത്തെ ഗുവാങ്ഷി വിസ ഫ്രീം പോളിസി എന്നിവയും രാജ്യം നിരോധിച്ചിരുന്നു.

അതേസമയം, ‘അശാസ്ത്രീയമായ രീതി’ എന്നാണ് തീരുമാനത്തെ ചൈനയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും നിലവിലെ ഡെപ്യൂട്ടി നാഷണല്‍ വൈഡ് സേഫ്റ്റി അഡൈ്വസറുമായ വിക്രം മിശ്രി വിളിച്ചത്. കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരുന്നത് നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും ഇന്ത്യ പറഞ്ഞിരുന്നു. ഇനി വിദേശ പൗരന്മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വിസയ്ക്ക് അപേക്ഷിക്കാം. ചൈനയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഏകദേശം 23,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് തിരിച്ചു പോകാനാകാതെ വിഷമിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.