കൊച്ചി: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനത്തിൽ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ പങ്കെന്താണെന്ന ചോദ്യവുമായി ഹൈക്കോടതി. കേന്ദ്ര സർക്കാരിനോടാണ് കോടതി ചോദ്യം ഉന്നയിച്ചത്. സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനായി (എസ്‌ഐഎ) കെ റെയിൽ എന്നെഴുതിയ കുറ്റികൾ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികളിലാണ് കോടതിയുടെ പ്രതികരണം. ജൂൺ 9 ന് ഹർജി പരിഗണിച്ചപ്പോഴാണ് കെആർഡിസിഎലിന്റെ പങ്കിനെക്കുറിച്ച് കോടതി ചോദിച്ചത്.
കേന്ദ്ര കേരള സർക്കാരുകളുടെ സംയുക്ത സംരംഭമാണ് കെആർഡിസിഎൽ. സാമൂഹിക ആഘാത പഠനത്തിന് (എസ്‌ഐഎ) അനുമതിയോ സമ്മതമോ നൽകിയിട്ടില്ലെന്നു കേന്ദ്രസർക്കാർ പറയുമ്പോൾ എസ്‌ഐഎയിൽ പങ്കെടുക്കരുതെന്നു കേന്ദ്രസർക്കാർ കെആർഡിസിഎലിനു നിർദേശം നൽകിയിട്ടുണ്ടോയെന്നു വെളിപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.
എതിർപ്പുള്ള സ്ഥലങ്ങളിൽ സർവേ കല്ലുകൾ ഒഴിവാക്കിയെന്നും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കാൻ ഉത്തരവിട്ടുണ്ടെന്നും നേരത്തെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.എസ്‌ഐഎ നടത്തുന്നതിനു കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും കേരള സർക്കാരിനാണ് അധികാരമെന്നും ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച നിയമത്തിന്റെ നാലാം വകുപ്പ് ചൂണ്ടിക്കാട്ടി കേരള സർക്കാരിന്റെ അഭിഭാഷകൻ ടി.ബി.ഹൂദ് അറിയിച്ചിരുന്നു.
ഈ ഘട്ടത്തിൽ, സംസ്ഥാന സർക്കാർ നടത്തുന്ന എസ്‌ഐഎയ്ക്കു കോടതി എതിരല്ലെന്നു കൃത്യമായി വ്യക്തമാക്കുകയാണെന്നു കോടതി പറഞ്ഞു. ഇതിനിടെ, കെആർഡിസിഎൽ സ്‌പെഷൽ ഓഫിസർ വലിയ കല്ലുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ചു സർവേ ഡയറക്ടർക്കു നൽകിയ അപേക്ഷ സംബന്ധിച്ചു വിവരങ്ങൾ നൽകുമെന്ന് കെആർഡിസിഎല്ലിന്റെ അഭിഭാഷകൻ ദിനേശ് റാവു അറിയിച്ചു. തുടർന്ന് വിധി പറയാനായി ഹർജികൾ 30ലേക്ക് മാറ്റി.

