ഒന്നില്‍ കൂടുതല്‍ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്സ്‌ക്രിപ്ഷന്‍ ഒരുമിച്ച് സാധ്യമാക്കാനൊരുങ്ങി ‘ഒടിടി പ്ലേ പ്രീമിയം’. എട്ട് ഇന്ത്യന്‍ പ്ലാറ്റ്‌ഫോമുകളും നാല് അന്തര്‍ദേശീയ ഒടിടി പ്ലാറ്റ്ഫോമുകളും ഉള്‍പ്പടെ 12 സ്ട്രീമിങ് പ്ലാറ്റ്ഫോമുകളെയാണ് ഒടിടി പ്ലേ ഒരുമിച്ച് കൊണ്ടുവന്നിട്ടുള്ളത്. അഞ്ച് തരം സബ്‌സ്‌ക്രിപഷന്‍ പാക്കുകളാണ് ഒടിടിപ്ലേ വാഗ്ദാനം ചെയ്യുന്നത്. അന്‍പത് രൂപയാണ് സബ്സ്‌ക്രിപ്ഷന്‍ പാക്കുകളുടെ പ്രാരംഭ വില.
സോണിലിവ്, സീ5, ലയണ്‍സ്‌ഗേറ്റ് പ്ലേ, സണ്‍ എന്‍എക്‌സ്ടി, ഷെമാരൂമി, ക്യൂരിയോസിറ്റി സ്ട്രീം, ഷോര്‍ട്ട്ടിവി, ഡോക്യുബേ എന്നിവയാണ് ഒടിടിപ്ലേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യന്‍ പ്ലാറ്റ്ഫോമുകള്‍. നാല് അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകള്‍ ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്ന ആദ്യത്തെ ഇന്ത്യന്‍ പ്ലാറ്റ്‌ഫോമാണ് ഒടിടി പ്ലേ. ഹാള്‍മാര്‍ക് മൂവീസ് നൗ, ഫ്യൂസ്+, വാച്ച് ഡസ്റ്റ്, ടേസ്റ്റ്-മെയ്ഡ് എന്നിവയാണ് ഒടിടിപ്ലേയില്‍ ലഭ്യമായ അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകള്‍.
ഒന്‍പത് ദേശീയ-അന്തര്‍ദേശീയ ഭാഷകളിലായി പതിനെട്ട് ജോണറുകളില്‍ ഇരുപതിനായിരത്തില്‍ പരം ഷോകളാണ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നത്. ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലും വെബ്‌സൈറ്റ് വഴിയും സബ്‌സ്‌ക്രൈബ് ചെയ്ത് കാണാം.

