ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി കൊടുക്കാന്‍ മാത്രം താന്‍ വളര്‍ന്നോ? സ്വപ്‌ന പറഞ്ഞത് അസംബന്ധമെന്ന് പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത്.

‘സ്വപ്ന സുരേഷ് സത്യവാങ്മൂലത്തില്‍ പറഞ്ഞത് അസംബന്ധമാണ്. ശൂന്യതയില്‍ നിന്ന് ഉന്നയിച്ച ആരോപണമാണ്. സ്വപ്ന ആരോപിച്ചതുപോലെ ഷാര്‍ജയില്‍ ഒരു കോളേജ്‌ ഇല്ല. അതിന് സ്ഥലം ലഭിക്കാന്‍ ഞാന്‍ ഇടപെട്ടിട്ടില്ല. ഷാര്‍ജ ഷെയ്ഖിനെ ഒറ്റയ്ക്ക് കണ്ടിട്ടില്ല. യുഎഇ കോണ്‍സല്‍ ജനറലിന്റെ നമ്ബര്‍ എന്റെ കൈവശമില്ല. ഇരുവരുമായി വ്യക്തിപരമായി ഒരു ബന്ധവുമില്ല. ഷാര്‍ജ ഷെയ്ഖിനും കോണ്‍സല്‍ ജനറലിനും കൈക്കൂലി കൊടുക്കാന്‍ ഞാന്‍ വളര്‍ന്നോ? കൈക്കൂലി നല്‍കിയെന്ന സ്വപ്നയുടെ പരാമര്‍ശത്തില്‍ യാതൊരു ലോജിക്കുമില്ല. അന്വേഷണ ഏജന്‍സികള്‍ വിശദമായി മൊഴി എടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസാണ്. കുറ്റപത്രത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. അവര്‍ പറഞ്ഞത് തീര്‍ത്തും തെറ്റാണ്. ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്നറിയില്ല. മാധ്യമങ്ങള്‍ ഇതൊക്കെ മനസിലാക്കി വീണ്ടും ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കരുത്’- അദ്ദേഹം പറഞ്ഞു.

അതേസമയം, സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ന് ഉച്ചക്ക് 12.30ന് മാധ്യമങ്ങളെ കാണുമെന്ന് മുന്‍ മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ.ടി.ജലീല്‍ പറഞ്ഞു. സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍, നിയമസഭാ മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്ക് എതിരെയും ഗുരുതര ആരോപണങ്ങള്‍ ആണ് നടത്തിയത്. ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവന്‍ വാര്യരാണ് ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന ആരോപിക്കുന്നു. മുംബൈ ആസ്ഥാനമാക്കിയാണ് കമ്ബനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു. അതേസമയം, ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.