നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതം ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തടഞ്ഞ വിചാരണ കോടതി ഉത്തരവിനെതിരെ ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് മാറ്റാരോ പരിശോധിച്ചുവെന്ന് ഡിജിപി വാദിച്ചു.

എന്നാല്‍, ഹാഷ് വാല്യൂ മാറിയതിന്റെ പ്രാധാന്യം എന്താണെന്നും ഇത് പ്രതിയ്ക്ക് ഗുണകരമായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതം എന്താണെന്നു ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് പ്രോസിക്യൂഷനും വാദിച്ചു.

അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഈ മാസം 18 ന് പരിഗണിക്കും. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ യഥാര്‍ഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ഫോറന്‍സിക് പരിശോധന ഫലം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രതി പലരെയും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.