തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.26 ശതമാനം വിജയമാണ് ഇത്തവണത്തെ നേടിയത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍ 44363 ആണ്. ഏറ്റവും കൂടുതല്‍ എ പ്ലസുകാര്‍ ഉള്ള ജില്ല മലപ്പുറമാണ്. 2134 സ്‌കൂളുകള്‍ നൂറ് മേനി വിജയം കൈവരിച്ചു. അതില്‍ 760 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. കഴിഞ്ഞ വര്‍ഷം 99.47 ശതമാനമായിരുന്നു വിജയം. ഇത്തവണ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്.
ഏറ്റവുമധികം വിജയശതമാനം നേടിയ റവന്യൂ ജില്ല കണ്ണൂരാണ്( 99.76%). കുറവ് വയനാടാണ് (92.07%). എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിലൊന്നായി കുറഞ്ഞു. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാലയാണ്. വിജയശതമാനം കുറവ് ആറ്റിങ്ങലിലാണ്. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പരീക്ഷ എഴുതിയ 2977 കുട്ടികളില്‍ 2912 കുട്ടികള്‍ ജയിച്ചു. 99.49% ആണ് വിജയശതമാനം. 112 പേര്‍ ഫുള്‍ എ പ്ലസ് നേടി. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 4,23,303 പേരാണ്. ഇത്തവണ ഗ്രേസ് മാര്‍ക്കില്ല എന്നത് പ്രത്യേകതയാണ്.
പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ നാളെ മുതല്‍ 22 വരെ ഓണ്‍ലൈനായി നല്‍കാം. സേ പരീക്ഷാ വിജ്ഞാപനം പ്രത്യേകം പ്രസിദ്ധീകരിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്. ജൂലായിലായിരിക്കും പരീക്ഷ നടക്കുക. 2962 കേന്ദ്രങ്ങളിലായി 4,26,469 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ നടന്നത്. pareeskhabhava.kerala.gov.in, sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ വൈകിട്ട് നാല് മണി മുതല്‍ ഫലം ലഭ്യമാകും. മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാം.

