706 തടവുകാരെ പാര്‍പ്പിക്കാം; ഉദ്ഘാടനത്തിന് തയ്യാറെടുത്ത് തവനൂർ സെൻട്രൽ ജയിൽ

മലപ്പുറം: തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. മലപ്പുറം ജില്ലയിൽ തവനൂർ കൂരടയിൽ ജയിൽ വകുപ്പിന് കീഴിലുള്ള 8.62 ഏക്കർ ഭൂമിയിൽ മൂന്ന് നിലകളിലായാണ് തവനൂർ സെൻട്രൽ ജയിൽ നിർമ്മിച്ചിട്ടുള്ളത്. 35 കോടിയോളം രൂപയാണ് ജയിലിന്റെ നിർമ്മാണത്തിനായി ചെലവഴിച്ചത്. സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ സെൻട്രൽ ജയിലാണിത്. ആദ്യം ജില്ലാ ജയിലായി നിർമാണം തുടങ്ങിയെങ്കിലും പിന്നീട് സെൻട്രൽ ജയിലാക്കി ഉയർത്തുകയായിരുന്നു.

ജയിലിന്റെ നിർമാണ പ്രവൃത്തികൾ 95 ശതമാനവും പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു. 706 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം ജയിലിനുള്ളിലുണ്ട്. ഞായറാഴ്ച്ച ജയിലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. രാജ്യം സ്വതന്ത്രമായ ശേഷം സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ആദ്യ ജയിലാണ് തവനൂർ സെൻറട്രൽ ജയിൽ. നിലവിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്ന ജയിലുകളെല്ലാം തന്നെ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ടവയാണ്. സി.സി.ടി.വി, വീഡിയോ കോൺഫറൻസ് സംവിധാനത്തിനൊപ്പം ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള തുടങ്ങിയവ ജയിലിനുള്ളിൽ സജ്ജീകരിക്കണം. ജലശുദ്ധീകരണ പ്ലാന്റും ജയിലിനുള്ളിൽ സ്ഥാപിക്കും.

ആറ് മാസം മുതൽ വധ ശിക്ഷവരെയുള്ള തടവിന് വിധിക്കപ്പെട്ട കുറ്റവാളികളെയാണ് സെൻട്രൽ ജയിലിൽ തടവിലിടുക. ഒറ്റ മുറിയിൽ 17 പേർക്ക് വരെ ഒരുമിച്ച് താമസിക്കാൻ പറ്റുന്ന 30 ബ്ലോക്കുകളാണ് തവനൂർ സെൻട്രൽ ജയിലുള്ളത്. ഓരോ ബ്ലോക്കിലും ഒരു ശുചിമുറിയും ഒരു വാഷ്ബേസിനും ഉണ്ട്. 510 തടവുകാരെവരെ ഇത്തരം ബ്ലോക്കുകളിൽ പാർപ്പിക്കാൻ കഴിയും. മറ്റ് ജയിൽ മുറികൾ താരതമ്യേന ചെറുതാണ്. ഇത്തരം തടവ് മുറികളിലെ കുറ്റവാളികളുടെ എണ്ണം കുറവായിരിക്കും. വധ ശിക്ഷ വിധിക്കപ്പെടുന്ന കുറ്റവാളികൾകളെ താമസിപ്പിക്കാൻ പ്രത്യേകം സെല്ലുകളുമുണ്ട്.