ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ രാജസ്ഥാനിൽ കോൺഗ്രസ് നേടിയത് 3 സീറ്റുകൾ. ബിജെപി ഒരു സീറ്റാണ് രാജസ്ഥാനിൽ നേടിയത്. കോൺഗ്രസിൽ നിന്ന് രൺദീപ് സുർജേവാല, മുകുൾ വാസ്നിക്, പ്രമോദ് തിവാരി എന്നിവരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ബിജെപിയിൽ നിന്ന് ഘനശ്യാം തിവാരിയാണ് രാജ്യസഭയിലേക്ക് എത്തിയത്. രൺദീപ് സുർജേവാലയ്ക്ക് 43 വോട്ടുകളും ഘനശ്യാം തിവാരിയ്ക്ക് 43 വോട്ടുകളും മുകുൾ വാസ്നിക്കിന് 42 വോട്ടുകളും പ്രമോദ് തിവാരിയ്ക്ക് 41 വോട്ടുകളും സുഭാഷ് ചന്ദ്രയ്ക്ക് 30 വോട്ടുകളുമാണ് നേടാൻ കഴിഞ്ഞത്. അതേസമയം, ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയും മാദ്ധ്യമ സ്ഥാപന ഉടമയുമായ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു.
കോൺഗ്രസിൽ നിന്നുള്ള മൂന്ന് സ്ഥാനാർത്ഥികളുടെ ജയം തുടക്കം മുതൽ ജയം വ്യക്തമായിരുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. മൂന്ന് സീറ്റുകളിലും കോൺഗ്രസിന് ആവശ്യമായ ഭൂരിപക്ഷമുണ്ടെന്ന് തുടക്കം മുതൽ വ്യക്തമായിരുന്നു. എന്നാൽ സ്വതന്ത്രനെ രംഗത്തിറക്കി ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ എംഎൽഎമാരുടെ ഐക്യദാർഢ്യം ഈ ശ്രമത്തിന് തക്കതായ മറുപടി നൽകി. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സമാനമായ പരാജയം ബിജെപി നേരിടുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജസ്ഥാനിലെ മൂന്ന് രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസ് നേടിയ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

