മതവിഭാഗങ്ങൾക്കിടയിൽ സ്പർധ സൃഷ്ടിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ രാജ്യം ഒന്നിച്ചു നിന്ന് അവരെ ഒറ്റപ്പെടുത്തണം; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

കോഴിക്കോട്: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പരാമർശത്തിൽ പ്രതികരണവുമായി ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പ്രവാചകരെ കുറിച്ച് ചിലർ നടത്തിയ നിന്ദ്യപരാമർശങ്ങൾ ഇസ്ലാം മത വിശ്വാസികളോട് മാത്രമല്ല, നമ്മുടെ രാജ്യത്തോടും ലോകജനതയോടും തന്നെയുള്ള അനാദരവാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം ഇതിനുത്തരവാദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങൾ, ഹിന്ദുക്കളും മുസ്ലീകളും മറ്റുമതസ്ഥരും ഈ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും ബഹുസ്വരതയും കാത്തുസൂക്ഷിക്കുന്നവരാണ്. വിശ്വാസികൾ വലിയ വേദനയിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ആ സമയത്ത് നിന്ദ്യപരാമർശങ്ങളുടെ പേരിൽ ഹൈന്ദവ മതവിഭാഗത്തെയാകെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാചകനായ മുഹമ്മദ് നബിയെ കുറിച്ച് ഒന്നുമറിയാത്തവരാണ് ഈ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങളും വിവിധ മതങ്ങളെയും സംസ്‌കാരത്തെയും ആദരിക്കുന്നവരാണ്. ചിലർ മത വിദ്വേഷത്തിന്റെയും പകയുടെയും തീക്കനലുകൾ ഉണ്ടാക്കുന്നുണ്ട്. അവർക്ക് സമൂഹത്തിൽ അനുവർത്തിക്കേണ്ട സമീപന രീതി രാജ്യം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുമത വിശ്വാസികൾക്കെതിരെയുള്ള തെറ്റായ സമീപനത്തിന് ഇത് കാരണമാവരുത്. ഗൾഫ് രാജ്യങ്ങളിലും മറ്റും ജോലികളിൽ നിന്ന് ഹൈന്ദവ സഹോദരങ്ങളെ പിരിച്ചുവിടാനോ നമ്മുടെ സാമൂഹിക ജീവിതത്തെ ഈ പ്രശ്‌നങ്ങൾ ബാധിക്കാനോ ഇടവരരുത്. ഇത്തരം സന്ദർഭങ്ങൾ ദുരുപയോഗം ചെയ്ത് വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർധ സൃഷ്ടിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ രാജ്യം ഒന്നിച്ചു നിന്ന് അവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നമ്മുടെ മതനിരപേക്ഷ നിലപാടാണ് അറബ് രാജ്യങ്ങളിൽ നമുക്ക് ആദരം നേടിത്തന്നത്. അതിനാൽ രാജ്യത്തിന്റെ തിളക്കത്തിന് മങ്ങലേൽപ്പിക്കുന്ന ശക്തികളെ രാഷ്ട്രം നിലക്ക് നിർത്തണം. ഇന്ത്യയുടെ അന്തഃസത്തക്ക് കളങ്കം ചേർത്തുന്ന ഒരു നിലപാടിനെയും അംഗീകരിക്കാനാവില്ലെന്നും എല്ലാ മതങ്ങളോടും സഹിഷ്ണുത പുലർത്തുക എന്ന നമ്മുടെ അടിത്തറ ദുർബലപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.