തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് എംടി രമേശ്. ആരോഗ്യരംഗത്ത് കേരള സർക്കാരിന്റെ പിടിപ്പു കേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ബിജെപി സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ നൽകുന്ന പണം സംസ്ഥാനം പാഴാക്കുകയാണ്. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ ശോചനീയാവസ്ഥയിൽ ഒന്നാം പ്രതി ആരോഗ്യമന്ത്രി വീണാ ജോർജെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആരോഗ്യ രംഗത്ത് കേരളം ഒന്നാമത് എന്ന വാദം പൊള്ളയാണ് എന്ന് തെളിയിക്കുന്നതാണ് ആശുപത്രിയിലെ അവസ്ഥ.
കുതിരവട്ടത്തുണ്ടായ വീഴ്ചകളിൽ ഒന്നാം പ്രതി ആരോഗ്യമന്ത്രിയാണ്. എന്നാൽ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികളെയല്ല, ഇവിടുത്തെ ഭരണകൂടത്തെ ആണ് ചികിത്സിക്കേണ്ടത്. സർക്കാരിനാണ് ഇവിടെ ഷോക്ക് ട്രീറ്റ്‌മെന്റ് നടത്തേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.

