മനുഷ്യന് ഒരു ദിവസം പ്രവർത്തിക്കാനാവശ്യമായ ഊർജം ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. രാത്രിയിൽ താമസിച്ച് കഴിക്കുക, രാവിലെ വൈകി എഴുന്നേൽക്കുക തുടങ്ങിയ കാരണങ്ങളാൽ പലരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് വളരെ ദോഷകരമാണ്. ഉപാപചയ പ്രവർത്തനങ്ങളെ ഇത് താറുമാറാക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ കൊളസ്‌ട്രോൾ വർദ്ധിക്കാനുള്ള സാധ്യതയുമുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കും കാരണമാകും.
തീർത്തും ലഘുവായ പ്രഭാതഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ആവശ്യത്തിന് കാലറിയുള്ള ഭക്ഷണം തന്നെ രാവിലെ കഴിക്കണം. വേഗത്തിൽ പ്രഭാതഭക്ഷണം കഴിക്കുന്ന ശീലവും ആരോഗ്യത്തിന് ഉത്തമമല്ല. പ്രഭാതഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്തുകയും വേണം.
പ്രഭാതഭക്ഷണം മുടക്കിയാൽ ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ആ സമയത്ത് നമ്മൾ സാധാരണയിൽ കൂടുതൽ ആഹാരം കഴിക്കും. ഇത് അമിതവണ്ണത്തിനും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

