രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്‌

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 18ന് നടക്കും. ജൂലൈ 21ന് ഡല്‍ഹിയില്‍ ആണ് വോട്ടെണ്ണുക. 776 എംപിമാരും 4,033 എംഎല്‍എമാരും ചേര്‍ന്ന് ആകെ 4,809 വോട്ടര്‍മാരാണുള്ളത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍ എന്നിവരടങ്ങുന്നതാണ് ഇലക്ടോറല്‍ കോളേജ്. എംപിമാരും എംഎല്‍എമാരും ചേര്‍ന്നുള്ള വോട്ട് മൂല്യം 10,86,431 ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. 5,43,200 ആണ് എംപിമാരുടെ വോട്ട് മൂല്യം. എംഎല്‍എമാരുടെ വോട്ട് മൂല്യം 5,43,231 ആണ്.

അതേസമയം, രാജ്യസഭയിലെയും ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടാകില്ല. 50 പേരാണ് പുതിയ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യേണ്ടത്. 50 പേര്‍ വേണം പിന്താങ്ങണം. രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിപ്പ് നല്‍കാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. വോട്ടെടുപ്പിനുള്ള ബാലറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക വിമാനത്തില്‍ എത്തിക്കും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ എണ്ണുന്നതിനായി പ്രത്യേക വിമാനത്തില്‍ തന്നെ ഡല്‍ഹിയിലും എത്തിക്കും.

ജൂലൈ 24നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അടുത്ത ദിവസം, ജൂലൈ 25ന് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കും. നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി ഈ മാസം 29 ആണ്. ജൂണ്‍ 30നാണ് സൂക്ഷ്മ പരിശോധന. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 2 ആണ്.