മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന പേരിലൊരാള്‍ വന്നു കണ്ടു;സ്വപ്‌ന സുരേഷ് ഹര്‍ജിയില്‍

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് രംഗത്ത്. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സ്വപ്‌ന വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ഹര്‍ജിയില്‍ വിശദീകരിക്കുന്നത്

മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന പേരിലൊരാള്‍ എന്നെ വന്ന് കാണുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരും. കുട്ടികള്‍ ഒറ്റയ്ക്കാവും. രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഇന്ന് രാവിലെ പത്ത് മണിയോടെ പിന്‍വലിക്കണം. ഇത് പിന്‍വലിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണം. ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഞാനിതിന് തയ്യാറാകാതിരുന്നതോടെ, എന്നെ വളരെ രൂക്ഷമായ ഭാഷയില്‍ ഇയാള്‍ ഭീഷണിപ്പെടുത്തി. ഇയാള്‍ പറഞ്ഞതിന്റെ ഒരു ഭാഗം ഞാന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ്. കെ പി യോഹന്നാന്റെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ഞാനെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരണ്‍ വന്നത്. കെ പി യോഹന്നാന്റെ സംഘടനയുടെ ഡയറക്ടറാണ് ഇയാളെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ജൂണ്‍ എട്ടാം തീയതി, അതായത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാളെത്തിയത്. യുപി റജിസ്‌ട്രേഷനിലുള്ള ടൊയോട്ട കാറിലാണ് ഷാജി കിരണ്‍ വന്നത്. യുപി – 41 ആര്‍ 0500 എന്ന നമ്പറിലുള്ള കാറിലാണ് ഇയാളെത്തിയത്. എം ശിവശങ്കറാണ് തന്നെ ഇയാളെ ഇതിന് മുമ്പ് പരിചയപ്പെടുത്തിയത്. പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധമുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഇവരുടെ ചില നിക്ഷേപങ്ങള്‍ ഇയാളാണ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞു. ഒപ്പം മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ഞാന്‍ വന്നതെന്നാണ് ഷാജി കിരണ്‍ പറഞ്ഞത്. മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ഷാജി കിരണ്‍ പറഞ്ഞു. മൊഴി പിന്‍വലിച്ച് പുതിയ വീഡിയോ ഇടാന്‍ നിങ്ങള്‍ക്ക് നാളെ രാവിലെ 10 മണി വരെയാണ് നിങ്ങള്‍ക്ക് സമയം തരുന്നതെന്ന് ഭീഷണിസ്വരത്തില്‍ ഇയാള്‍ പറഞ്ഞു. ഇത് അനുസരിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകും. കേസില്‍ അറസ്റ്റിലാകും. ആര്‍എസ്എസ്സും ബിജെപിയും പറഞ്ഞതനുസരിച്ചാണ് ഞാനിത് ചെയ്തതെന്നും, പറഞ്ഞതൊന്നും സത്യമല്ലെന്ന് പറയണമെന്നും ഇയാള്‍ പറഞ്ഞു.