ഗൂഗിള്‍ മാപ്‌സിലെ പുത്തന്‍ ഫീച്ചറുകള്‍ അറിയാം

പുത്തന്‍ ഫീച്ചറുകള്‍ മാപ്സില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ഏതൊക്കെയെന്ന്‌ നോക്കാം…

  1. ടോള്‍ നിരക്കുകള്‍ മനസ്സിലാക്കി ഇനി യാത്ര ചെയ്യാം

റോഡ് യാത്രകള്‍ നടത്തുമ്‌ബോള്‍ നിങ്ങള്‍ ഒന്നോ രണ്ടോ ടോള്‍ റോഡിലൂടെ യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഈ റോഡുകളില്‍ എത്രയാണ് ടോള്‍ തുക എന്ന് ടോള്‍ ബൂത്തിനടുത്തെത്തുമ്‌ബോഴാണ് മനസ്സിലാക്കാന്‍ സാധിക്കുക. ചിലപ്പോള്‍ ടോള്‍ തുക വളരെ കൂടുതലായിരിക്കും. ഇതിനൊരു പരിഹാരമായി ടോള്‍ റോഡുകളിലൂടെ വേണോ അതോ സാധാരണ റോഡുകളില്‍ വേണോ യാത്ര എന്ന് തീരുമാനിക്കാന്‍ സഹായിക്കുന്ന ടോള്‍ നിരക്കുകള്‍ ഗൂഗിള്‍ ആദ്യമായി ഗൂഗിള്‍ മാപ്പില്‍ ഉടന്‍ അവതരിപ്പിക്കും. നാവിഗേഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ലക്ഷ്യസ്ഥാനത്തേക്കുള്ള ടോള്‍ നിരക്ക് എത്രയെന്ന് മനസിലാക്കാം. ടോള്‍ പ്ലാസയിലെ മറ്റ് പേയ്മെന്റ് രീതികള്‍ ഉപയോഗിക്കുന്നതിനുള്ള ചെലവ്, നിര്‍ദ്ദിഷ്ട സമയത്ത് ടോള്‍ എത്ര പ്രതീക്ഷിക്കുന്നു എന്ന വിവരങ്ങളും ഗൂഗിള്‍ പരിശോധിക്കും.

  1. ടോളില്ലാത്ത റോഡുകള്‍ തിരഞ്ഞെടുക്കാം

നിങ്ങള്‍ക്ക് ടോള്‍ തുക നല്‍കേണ്ട റോഡ് ഉപയോഗിക്കേണ്ട എങ്കില്‍ ടോള്‍ ഫ്രീ റൂട്ട് എപ്പോള്‍ ലഭ്യമാകുമെന്ന് ഗൂഗിള്‍ മാപ്സ് നിങ്ങളോട് പറയുകയും ആ വഴി ഒരു ഓപ്ഷനായി പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ടോള്‍ റോഡുകളുള്ള റൂട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള ഓപ്ഷനാണ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചറില്‍ ലഭിക്കുക. റൂട്ട് ഓപ്ഷനുകള്‍ കാണുന്നതിന് ഗൂഗിള്‍ മാപ്സില്‍ നിങ്ങളുടെ ദിശകളുടെ മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ ടാപ്പുചെയ്ത് ‘അവോയ്ഡ് ടോള്‍സ്’ തിരഞ്ഞെടുക്കുക.

  1. ഗൂഗിള്‍ മാപ്പില്‍ ട്രാഫിക് ലൈറ്റുകള്‍, സ്റ്റോപ്പ് സിഗ്‌നലുകള്‍

മാപ്‌സിലേക്ക് കൂടുതല്‍ വിശദാംശങ്ങളാണ് ഗൂഗിള്‍ ചേര്‍ക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തത്സമയം ട്രാഫിക് ലൈറ്റുകളും അവരുടെ വഴിയിലെ സ്റ്റോപ്പ് സിഗ്‌നലുകളും കാണാം. ഒപ്പം ബില്‍ഡിംഗ് ഔട്ട്ലൈനുകളും, മീഡിയനുകളും, ട്രാഫിക് ഐലന്റുകളും വിശദമായി പ്രദര്‍ശിപ്പിക്കും. ഗൂഗിള്‍ പറയുന്നതനുസരിച്ച്, ഈ സംവിധാനം ഉപയോക്താക്കള്‍ക്ക് അവര്‍ എവിടെയാണെന്ന് നന്നായി മനസ്സിലാക്കാന്‍ സഹായിക്കുകയും അവസാന നിമിഷം ലെയ്ന്‍ മാറ്റുകയോ ഒരു ടേണ്‍ നഷ്ടപ്പെടുകയോ ചെയ്യുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.