ജനവിധിയാണ് വലുത്; ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയമാണ് വേണ്ടത്: ബിനോയ് വിശ്വം

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതികരിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം. ജനവിധിയാണ് വലുതെന്നതാണ് തിരഞ്ഞെടുപ്പിലെ ഇടതു തോല്‍വി നല്‍കുന്ന പാഠമെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാര്‍ട്ടികള്‍ വെവ്വേറെയും വിശകലനം ചെയ്യും. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃക്കാക്കര തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കെ-റെയില്‍ പദ്ധതി പിന്‍വലിക്കണമെന്ന് കെ-റെയില്‍ വിരുദ്ധ സമിതിയും വ്യക്തമാക്കി.

അതേസമയം, തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ജില്ലാ നേതൃത്വത്തിന്റെ ഉത്തരവാദിത്തമല്ലെന്ന് ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ വ്യക്തമാക്കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ പാളിച്ച മുതല്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ വീഴ്ചകളില്‍ വരെ പഴി കേള്‍ക്കുന്നത് സംസ്ഥാന നേതാക്കളാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ജില്ലാ സെക്രട്ടറി പറഞ്ഞ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ജില്ലാ നേതൃത്വത്തെ മറികടന്ന് സംസ്ഥാന നേതാക്കള്‍ എടുത്ത തീരുമാനങ്ങളുടെ കൂടി പരാജയമാണ് തിരഞ്ഞെടുപ്പ് തോല്‍വി. സിറോ മലബാര്‍ സഭയുമായി ധാരണയിലെത്തി നാടകീയമായി ജോ ജോസഫിനെ രംഗത്തിറക്കിയത് പി.രാജീവിന്റെ തന്ത്രമായിരുന്നു. കനത്ത തോല്‍വിയുടെ ഉത്തരവാദിത്തവും മന്ത്രിയില്‍ തന്നെയാണ് എത്തിനില്‍ക്കുന്നത്.

2500വോട്ടിന് ജയിക്കാനോ തോല്‍ക്കാനോ സാധ്യതയുണ്ടെന്ന് സിപിഎം ആഭ്യന്തരമായി വിലയിരുത്തിയിടത്താണ് 25000വോട്ടിന്റെ വന്‍ തോല്‍വി എല്‍ഡിഎഫ് ഇപ്പോള്‍ നേരിട്ടത്. 2021ല്‍ ബൂത്തുകളുടെ എണ്ണത്തിലെ ലീഡ് ഈ തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്നായി കുറഞ്ഞതും തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു.