വ്യാജ റിവ്യൂ ഇടുന്നവര്‍ സൂക്ഷിക്കുക!

ഓണ്‍ലൈനിലൂടെ ഒരു ഉല്‍പ്പന്നം വാങ്ങുന്നതിന് മുന്‍പായി എത്ര റേറ്റിംഗ് ഉണ്ടെന്നും കസ്റ്റമര്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഉണ്ടോ എന്നും നോക്കി വിലയിരുത്തിയതിനു ശേഷമാണു പലരും ഉല്‍പ്പന്നം വാങ്ങുക. അങ്ങനെ വരുമ്‌ബോള്‍ ഓണ്‍ലൈന്‍ വിപണിയില്‍ കസ്റ്റമര്‍ റിവ്യൂവിന് വലിയ പ്രാധാന്യമാണ് ഉള്ളത്. എന്നാല്‍, പലപ്പോഴും റിവ്യൂ വായിച്ച് തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ നേരെ വിപരീതമായി വരാറുമുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് മോശം അനുഭവം സമ്മാനിക്കുന്നു. ഇങ്ങനെ തെറ്റായ റിവ്യൂ നല്‍കുന്നത് തടയാന്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഉപഭോക്തൃ കാര്യ മന്ത്രാലയവും അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും അവരുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അവലോകനങ്ങളുടെ വ്യാപ്തി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം വെര്‍ച്വല്‍ മീറ്റിംഗ് നടത്തിയിരുന്നു. വ്യാജ റിവ്യൂകള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇതിനെതിരെ നിയമപരമായ നടപടികള്‍ ഇനി ഉണ്ടാകും.

ആഗോളതലത്തില്‍ ലഭ്യമായ മികച്ച സാങ്കേതിക വിദ്യയും ഇന്ത്യയിലെ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ പിന്തുടരുന്ന നിലവിലെ സംവിധാനവും സംയോജിപ്പിച്ച് പുതിയ സംവിധാനം വികസിപ്പിക്കാനാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സ്യൂമര്‍ അഫയേഴ്സ് തീരുമാനം.