ഉപഭോക്താക്കളിലെ ചുമയും തുമ്മലും ആന്‍ഡ്രോയിഡ് ഫോണിന് തിരിച്ചറിയാം; പുത്തന്‍ സാങ്കേതിക വിദ്യയുമായി ഗൂഗിള്‍

ഉറക്കത്തിനിടെ ഉപഭോക്താക്കള്‍ക്ക് ചുമയും തുമ്മലുമുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ സംവിധാനവുമായി ഗൂഗിള്‍. ഇതുവഴി തുമ്മല്‍, ചുമ എന്നിവ തിരിച്ചറിയാന്‍ ആന്‍ഡ്രോയിഡ് ഫോണിന് സാധിക്കും. പിക്‌സല്‍ ഫോണുകളിലാണ് ഈ സംവിധാനമൊരുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് എന്ന് 9ടു5 ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രമേണ ഇത് മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമായേക്കും.

ഈ സൗകര്യവുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ ഹെല്‍ത്ത് സ്റ്റഡീസ് ആപ്പിന്റെ ഇന്‍സ്റ്റലേഷന്‍ ഫയലില്‍ ചില കോഡുകള്‍ 9ടു5 ഗൂഗിള്‍ കണ്ടെത്തി. അസ്ലീപ്പ് ഓഡിയോ കളക്ഷന്‍ എന്ന പേരില്‍ ഗൂഗിള്‍ നടത്തുന്ന ഒരു പഠനവുമായി ബന്ധപ്പെട്ട കോഡുകളാണിത്. ഗൂഗിള്‍ ജീവനക്കാരിലാണ് പഠനം നടത്തുന്നത്.

പഠനത്തിന്റെ ഭാഗമാകുമ്പോള്‍ ഒരു മുറിയില്‍ പ്രായപൂര്‍ത്തിയായ ഒന്നിലധികം പേരുണ്ടാവരുത് എന്നും അയാള്‍ എതിരാളിയായൊരു കമ്പനിയ്ക്ക് വേണ്ടി ജോലി ചെയ്യുന്നയാള്‍ ആവരുത് എന്ന നിബന്ധനകളും ഉണ്ട്.