ഡിജിലോക്കര്‍ സേവനങ്ങള്‍ വാട്‌സ്ആപ്പിലും

നൂതന സംവിധാനമായ മൈ ഗവണ്‍മെന്റ് വാട്‌സാപ്പുമായി കൈകോര്‍ക്കുന്നു. ഡിജിലോക്കര്‍ സംവിധാനം കൂടുതല്‍ ജനപ്രിയമാക്കാനാണ് ഇപ്പോഴുള്ള ഈ നടപടിയെന്നാണ് വിശദീകരണം. ഇതിനാല്‍ ഡിജിലോക്കര്‍ സംവിധാനം ഇനി വാട്‌സാപ്പിലും ലഭിക്കും. വാട്‌സാപ്പിനുള്ളില്‍ മൈ ഗവണ്‍മെന്റിന്റെ ഒരു ഹെല്‍പ്പ് ഡെസ്‌കിന്റെ ചാറ്റ് ബോട്ടായിട്ടായിരിക്കും സേവനങ്ങള്‍ ലഭ്യമാവുക.

വാട്‌സാപ്പിലെ MyGov ഹെല്‍പ്പ്ഡസ്‌ക് ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങളെ സുതാര്യവും ലളിതവുമാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ വാട്‌സാപ്പിലൂടെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം പൗരന്മാരില്‍ എത്തുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സര്‍ക്കാര്‍ സേവനങ്ങളെല്ലാം പൗരന്മാരുടെ വിരല്‍ത്തുമ്ബില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും വാട്‌സാപ്പിലെ MyGov ഹെല്‍പ്പ് ഡെസ്‌ക് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് MyGov ഹെല്‍പ്പ് ഡെസ്‌ക് ഉപയോഗിച്ച് ഡിജിലോക്കറിനുള്ളിലെ പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പത്ത്, പ്ലസ് ടു ക്ലാസ്സുകളിലെ മാര്‍ക്ക് ഷീറ്റുകള്‍, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും.