തൃക്കാക്കര: ആക്രമിക്കപ്പെട്ട നടിയെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉപയോഗിക്കുന്നോ എന്നത് പരിശോധിക്കണമെന്നും, തിരഞ്ഞെടുപ്പുകളില്‍ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യു ഡി എഫ് മടിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.
ഇ.പി ജയരാജന്റെ വാക്കുകള്‍
ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആര്‍ക്കാണെന്ന് ജനത്തിന് അറിയാം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറ്റ് ലക്ഷ്യങ്ങളില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. സര്‍ക്കാര്‍ എന്നും ഇരയ്ക്കൊപ്പമാണ്. നടി നല്‍കിയ ഹരജി ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല. എല്ലാവരുടെയും സുരക്ഷക്കായാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെ അറിയുന്നവരെല്ലാം പൊലീസ് നീതിപൂര്‍വം പ്രവര്‍ത്തിക്കുമെന്നും ക്രമസമാധാനം സംരക്ഷിക്കുമെന്നും പറയും. നടി ഈ ഹരജി നല്‍കിയതിന്റെ കാരണം അവരോട് തന്നെ ചോദിക്കണം. നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കുന്നത് കോടതി തീരുമാനിക്കേണ്ടതാണ്. അതില്‍ അവര്‍ ശരി കാണുകയും നിലപാട് സ്വീകരിക്കുകയും ചെയ്യും. കോടതിയില്‍ കൊടുത്ത കാര്യം അവര്‍ തീരുമാനിക്കും. കോടതിയില്‍ തനിക്ക് വിശ്വാസമുണ്ട്. തൃക്കാക്കരയില്‍ യുഡിഎഫിന് വികസനം പറയാനില്ല. അവര്‍ ഭയപ്പെടുകയാണ്. മുഖ്യമന്ത്രിക്കെതിരെ സംസ്‌കാര ശൂന്യമായ പദപ്രയോഗങ്ങള്‍ നടത്തുകയാണ്. ജനകീയ പ്രശ്‌നങ്ങളില്‍ ശ്രദ്ധ തിരിച്ചുവിടുകയാണ്. നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതിയുടെ തന്നെ രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിച്ചാല്‍ ചുരുളഴിയും.’
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അതിജീവിത കോടതിയെ സമീപിക്കാന്‍ ഉണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി. അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും, കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അതിജീവിതയ്ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിലപാടില്‍ വ്യക്തതയുണ്ടെന്നും പി.രാജീവ് കൂട്ടിച്ചേര്‍ത്തു.

