തിരുവനന്തപുരം: 1300 ഡീസൽ ബസുകളുടെ വിലയ്ക്ക് തുല്യമായി ഇരട്ടിയിലധികം വില നൽകി 700 സി.എൻ.ജി ബസുകൾ വാങ്ങുന്നുവെന്ന വാർത്തകളിൽ പ്രതികരണവുമായി കെഎസ്ആർടിസി. ഇത്തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് കെഎസ്ആർടിസി എം ഡി ബിജു പ്രഭാകർ പറഞ്ഞു. സിഎൻജി ബസുകൾക്ക് പ്രവർത്തന ചെലവ് കൂടുതലാണെങ്കിലും ഇന്നത്തെ അവസ്ഥയിൽ ഡീസൽ ബസുകൾ വാങ്ങാനുള്ള തുക നൽകാൻ കിഫ്ബി തയ്യാറാകുന്നില്ല. എൽ.എൻ.ജി, സി.എൻ.ജി, ഇലക്ട്രിക് തുടങ്ങിയ ക്ലീൻ ഫ്യൂവൽ ബസുകൾക്ക് മാത്രമാണ് കിഫ്ബി തുക നൽകുന്നത്. സർക്കാർ ഗ്രാന്റ് ഉപയോഗിച്ച് ഡീസൽ ബസ് വാങ്ങുന്നുണ്ട്. എന്നാൽ അത് ദീർഘ ദൂര സർവ്വീസുകൾക്ക് വേണ്ടി മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.
ഏകദേശം 2300 ഓർഡിനറി സർവ്വീസ് കെഎസ്ആർടിസിക്ക് ഉണ്ട്. സി.എൻ.ജി ബസുകൾക്ക് റേഞ്ച് ( ഒരു പ്രാവശ്യം ഇന്ധനം നിറച്ച ശേഷം ഓടാവുന്ന പരമാവധി ദൂരം) കുറവാണ് , ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ 400 കിലോ മീറ്റർ വരെയേ പരമാവധി ബസ് ഓടുകയുള്ളൂ. ഓർഡിനറി ബസുകൾ സി.എൻ.ജിയിലേക്ക് മാറിയാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ധന ചെലവ് ലാഭിക്കാനാകും. കൂടാതെ ഭാവിയിൽ സിബിജി ( കംപ്രസ്ഡ് ബയോഗ്യാസ് )യിൽ നിന്നുള്ള ശുദ്ധീകരിച്ച ഇന്ധനം ഇതിൽ ഉപയോഗിക്കാൻ കഴിയും. സിബിജി പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും ഇത് സി.എൻ.ജി.യെക്കാൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ടെന്റർ പ്രകാരം കെഎസ്ആർടിസിയിൽ ഡീസൽ ബസ് ഒരെണ്ണം വാങ്ങിയത് 33,78,800 രൂപയ്ക്കും, 310 സി.എൻ.ജി ബസുകൾക്കുള്ള ദർഘാസിൽ ലഭ്യമായത് ഒരു ബസിന് 37,99,685 രൂപയ്ക്കുമാണ്. ഇവ തമ്മിലുള്ള വ്യത്യാസം കേവലം 4,20,885 രൂപയുമാണ് അല്ലാതെ ഇരട്ടി വിലയില്ല. 2016 ൽ 4 സിലിണ്ടർ സി.എൻ.ജി ബസ് വാങ്ങിയ വില 24,51,327 രൂപയ്ക്കുമാണ്. ഈ നാല് സിലിണ്ടർ സി.എൻ.ജി ബസ് കഴിഞ്ഞ 5 വർഷമായി ഇപ്പോഴും സർവ്വീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

