ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20; സഞ്ജു പുറത്ത്; രാഹുല്‍ നയിക്കും

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും. രാജസ്ഥാന്‍ റോയല്‍ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ് ടീമിലിടം നേടാനായില്ല. അതേസമയം ഇഷാന്‍ കിഷന്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നിവര്‍ ടീമിലെത്തി. പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്, ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് എന്നിവരേയും ടീമില്‍ ഉള്‍പ്പെടുത്തി.

മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്കെല്ലാം ടി20 പരമ്ബരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ജൂണ്‍ ഒമ്ബതിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20. ഐപിഎല്ലില്‍ മോശം ഫോമില്‍ കളിക്കുന്ന ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ചെന്നൈയുടെ യുവ ഓപ്പണര്‍ റിതുരാജ് ഗെയ്കവാദ് ഓപ്പണറായെത്തും. യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആര്‍ ബിഷ്ണോയ് എന്നിവര്‍ സ്പിന്നാര്‍മാരായി ടീമിലെത്തി. പരിക്കേറ്റ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിച്ചില്ല. യുവതാരം തിലക് വര്‍മ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ടി20 ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപി സിംഗ്, ഉമ്രാന്‍ മാലിക്.