ചരിത്ര സ്മാരകമായ കുത്തബ് മിനാറിന്റെ പരിസരത്തു നിന്ന് ഹിന്ദു വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്നും ഇത് നിര്‍മിച്ചത് വിക്രമാദിത്യനാണെന്നുമുള്ള അവകാശവാദങ്ങള്‍ക്കു പിന്നാലെ കുത്തബ് മിനാറില്‍ ഉത്ഖനനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക മന്ത്രാലയം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കി.
കുത്തബ് മിനാര്‍ നിര്‍മിച്ചത് വിക്രമാദിത്യനാണെന്നും, സൂര്യനെപ്പറ്റി പഠിക്കുന്നതിനായി നിര്‍മിച്ച കെട്ടിടമാണ് ഇതെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ റീജിയണല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മ്മയാണ് അവകാശപ്പെട്ടത്. അഞ്ചാം നൂറ്റാണ്ടിലാണ് മിനാറിന്റെ നിര്‍മാണം നടന്നത്. ഇത് സംബന്ധിച്ച എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സൂര്യനെ നോക്കുന്നതിനാണ് ഈ നിര്‍മിതി 25 ഇഞ്ച് ചരിച്ച് നിര്‍മിച്ചത്. സൂര്യന്‍ ഭ്രമണം ചെയ്യുന്നതനുസരിച്ച് നിഴലുകള്‍ മാറുന്നത് കുത്തബ് മിനാറില്‍ നിന്ന് കൃത്യമായി നീരീക്ഷിക്കാനാവും. കുത്തബ് മിനാറിന്റെ നിര്‍മാണത്തിന് പിന്നില്‍ കൃത്യമായ ശാസ്ത്ര തത്വമുണ്ടെന്നും വിക്രമാദിത്യന്‍ ഇതെല്ലാം പഠിച്ച് മനസിലാക്കിയിരുന്നെന്നും ധരംവീര്‍ ശര്‍മ വിശദീകരിക്കുന്നു.
ഇതേ തുടര്‍ന്നാണ് കുത്തബ് മിനാറിലെ പള്ളി കുവ്വത്തുല്‍ ഇസ്ലാമിന്റെ മിനാരത്തില്‍ നിന്ന് 15 മീറ്റര്‍ അകലത്തില്‍ ഉത്ഖനനം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, കുത്തബ് മിനാറിന്റെ പേര് മാറ്റി വിഷ്ണു സ്തംഭ് എന്നാക്കണമെന്ന പ്രതിഷേധവുമായി വലതുപക്ഷ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

