ചിന്തന്‍ ശിബിര്‍ പരാജയമെന്ന് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: ചിന്തന്‍ ശിബിര്‍ പരാജയമായിരുന്നുവെന്ന് കോണ്‍ഗ്രസ് സഹയാത്രികനായ പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു. ‘ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും. ചിന്തന്‍ ശിബിരം കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുറച്ചു സമയം കൂടി ലഭിച്ചുവെന്നല്ലാതെ ഒന്നുമില്ല. ഒരു അര്‍ഥവും ഇല്ലാത്ത ഒന്നായി അത് പരിണമിച്ചു’- അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ലഭിക്കുന്ന തിരിച്ചടികളില്‍ നിന്നും കരകയറാനും സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുമായാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ സംഘടിപ്പിച്ചത്. പാര്‍ട്ടിയെ നന്നാക്കാന്‍ പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച ഉപാധികള്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, ഇതൊന്നും ഫലംകണ്ടില്ലായെന്നാണ് പ്രശാന്ത് കിഷോറിന്റെ വിലയിരുത്തല്‍.

അതേസമയം, ചിന്തന്‍ ശിബിറിനു പിന്നാലെ പ്രധാനപ്പെട്ട നേതാക്കളായ ഹാര്‍ദിക് പട്ടേല്‍, പഞ്ചാബ് പിസിസി മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതും സുനില്‍ ജാഖര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്.